സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയുടെ പോസ്റ്ററില്‍ പ്രധാന മന്ത്രിയുടെയുടെ ചിത്രം ഇല്ല; പ്രതിഷേധവുമായി ബിജെപി


തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയുടെ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്ത്.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം
ബഹുമാനപ്പെട്ട ഏറണാകുളം കളക്ടര്‍, നമസ്കാരം.
ഈ DDU-GKY എന്നതിന്റെ മുഴുവന്‍ പേര് ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ യോജന എന്നാണ്. എന്നു പറഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഭിമാനപദ്ധതി. അത് താങ്കള്‍ക്ക് അറിയാത്തതാവാനിടയില്ല. പ്രധാനമന്ത്രിയുടെ ഒരു ചിത്രം ഇതിനോടൊപ്പം വെക്കാന്‍ അങ്ങയെ അനുവദിക്കാത്തത് താങ്കളുടെ രാഷ്ട്രീയമാണോ അതോ പിണറായി വിജയനെ പേടിച്ചിട്ടോ എന്നറിയാന്‍ കേരളത്തിലെ യുവാക്കള്‍ക്ക് താല്‍പ്പര്യമുണ്ട്. മുഖ്യമന്ത്രിയുടേയും രണ്ട് സംസ്ഥാനമന്ത്രിമാരുടേയും പടം വെച്ച് ഇതൊരു സംസ്ഥാന പദ്ധതിയായി അവതരിപ്പിക്കാന്‍ താങ്കള്‍ കാണിച്ച അമിതാവേശം ഒരു കാരണവശാലും നീതീകരിക്കാനാവുന്നതല്ല. കേന്ദ്രപദ്ധതികള്‍ സ്വന്തം പേരിലാക്കാന്‍ സി. പി. എം നടത്തുന്ന തറവേല മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന് ഒരു ഐ. എ. എസ് ഉദ്യോഗസ്ഥ കൂട്ടുനില്‍ക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. തികഞ്ഞ അനൗചിത്യമാണ്. ഗുരുതരമായ ചട്ടലംഘനമാണ്. അമാന്യവും അനീതിയുമാണ്. തല്‍ക്കാലം മിതമായ ഭാഷയില്‍ പ്രതിഷേധം അറിയിക്കുന്നു.