പ്രധാനമന്ത്രിക്ക് കേരളത്തിൽ ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട് ; എന്നാൽ ആ വരവ് വോട്ടാകില്ല: വിഡി സതീശൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണെന്നും കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ് വോട്ടാകില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ചച്ച ചെയ്ത് തീരുമാനമെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര കാണുമ്പോൾ ആഹ്ലാദിക്കുന്ന സാഡിസ്റ്റാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും വരട്ടെ. ആ പ്രചാരണവും വിഭജന തന്ത്രവും കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .