കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

single-img
22 October 2022

ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും.

വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തൊഴില്‍ മേളയ്ക്ക് തുടക്കമിടുക. രാവിലെ 11 മണിക്ക് നടക്കുന്ന മേളയില്‍ വച്ച്‌ 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറും.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള 20,000 ത്തില്‍ അധികം പേര്‍ക്ക് 50 കേന്ദ്രമന്ത്രിമാര്‍ ചേര്‍ന്ന് നിയമന ഉത്തരവുകള്‍ നല്‍കും. സര്‍ക്കാര്‍ ജോലിയില്‍ നിയമനമായ ചിലര്‍ക്ക് നേരിട്ടാകും മന്ത്രിമാര്‍ ഉത്തരവി കൈമാറുക. ബാക്കിയുള്ളവര്‍ക്ക് മെയിലിലൂടെയും പോസ്റ്റിലൂടെയുമാകും നല്‍കുക.

38 മന്ത്രാലയങ്ങള്‍ക്ക് കീഴിലായാണ് ഈ നിയമനങ്ങള്‍. സൈനികര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്‌റ്റെനോ, പിഎ, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികയില്‍ ജോലി ലഭിച്ചവര്‍ക്കാണ് നിയമനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിയമനം നേടിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജോലി നല്‍കുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.