വിദേശ വനിതയെ ലഹരി വസ്തു നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കും

single-img
5 December 2022

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് കോടതി.

പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

നിങ്ങള്‍ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. കുറ്റബോധമുണ്ടോ എന്നും കോടതി ചോദിച്ചു. ഞങ്ങള്‍ക്ക് ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിദേശ വനിത കേരളത്തില്‍ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂര്‍വ്വമാണെന്നും കോടതി പറഞ്ഞു.

കേരളത്തില്‍ ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്‌വിയന്‍ യുവതിയെ പോത്തന്‍കോട് നിന്ന് 2018 മാര്‍ച്ച്‌ 14 നാണ് കാണാതായത്. 35 ദിവസം നടത്തിയ തിരച്ചിലിന് ശേഷം ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടില്‍ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുവന്ന ശേഷം കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നുമാണ് കേസ്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച്‌ പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയതിന് അന്വേഷണ സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട്.

കേസില്‍ നവംബര്‍ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകള്‍, 30 സാക്ഷികള്‍ എന്നിവ ആധാരമാക്കിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.

കൊല്ലപ്പെട്ട സ്ത്രീ 2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് വന്നത്. 2018 മാര്‍ച്ച്‌ 14 നാണ് ഇവരെ കാണാതായത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഏപ്രില്‍ 20 ന് മൃതദേഹം കിട്ടി. സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി നടത്തിയ നീണ്ട പോരാട്ടമാണ് ഫലം കണ്ടത്.