പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പള്ളി വികാരിയുടെ ശിക്ഷ വീണ്ടും കൂട്ടി


വിക്ടോറിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പള്ളി വികാരിയുടെ ശിക്ഷ വീണ്ടും കൂട്ടി. നേരത്തെ വിവിധ പീഡന കേസുകളിലായി 39 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികനാണ് 72ാമത്തെ പീഡനക്കേസിലെ വിധിയില്‍ 12 മാസം ശിക്ഷ കൂടി വിധിച്ചിരിക്കുന്നത്. ജെറാള്‍ഡ് റിഡ്സ്ഡേല്‍ എന്ന 89കാരനായ റോമന്‍ കത്തോലിക്കാ വൈദികന്‍ 1994 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വിവിധ പീഡന കേസുകളിലായി 39 വര്‍ഷമാണ് വൈദികന് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
1961 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്ന പള്ളികളിലെത്തിയ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി ഉയര്‍ന്നത്. വിക്ടോറിയ സംസ്ഥാനത്തെ വിവിധ പള്ളികളിലും സ്കൂളുകളിലും പ്രവര്‍ത്തിച്ചിരുന്ന കാലത്തായിരുന്നു വൈദികന്‍റെ ക്രൂരത. ജൂണ്‍ മാസത്തില്‍ 1987ല്‍ 13കാരനെ പീഡിപ്പിച്ചത് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ബല്ലറാറ്റ് മജിസ്ട്രേറ്റ് കോടതി വൈദികന് ഒരു വര്‍ഷം കൂടി അധിക ശിക്ഷ വിധിച്ചിരുന്നു. വൈദികനെ കുറ്റവാളിയെന്ന് കണ്ടെത്തുന്ന 193ാമത്തെ കേസ് ആയിരുന്നു ഇത്. ശിക്ഷ വിധിച്ച കേസുകളിലായി 33 വര്‍ഷവും ആറ് മാസവും ശിക്ഷ അനുഭവിച്ചാല്‍ മാത്രമാണ് പരോള്‍ ലഭിക്കാനുള്ള അര്‍ഹത വൈദികന് ലഭിക്കൂ. നിലവിലെ സാഹചര്യത്തില്‍ 2028 ഏപ്രിലിലാണ് വൈദികന് പരോള്‍ ലഭിക്കാനുള്ള ആദ്യ അവസരം ഉണ്ടാവുക.
എന്നാല്‍ നിലവില്‍ 89കാരനായ വൈദികന്‍ ജയിലില്‍ തന്നെ മരിക്കുമെന്ന തോന്നലാണ് ഉള്ളതെന്നാണ് മജിസ്ട്രേറ്റ് ഹൂജ് റാഡ്ഫോര്‍ഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കുറ്റവാളിയെന്ന് കണ്ടെത്തിയ വിവിധ കേസുകളിലായി എട്ട് തവണയാണ് നിലവില്‍ വൈദികന്‍റെ ശിക്ഷാ കാലയളവ് നീട്ടിയത്. 2022ഓടെ പ്രായാധിക്യം നിമിത്തം നടക്കാന്‍ കഴിയാത്ത വൈദികന്‍ 72ാമത്തെ കേസിലെ വിധി ഓണ്‍ലൈന്‍ ആയാണ് കേട്ടത്. 29 വര്‍ഷം നീണ്ട വൈദിക ജീവിതത്തിന് ഇടയില്‍ 16 പള്ളികളിലാണ് ജെറാള്‍ഡ് ജോലി ചെയ്തത്.
2017ല്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബാലപീഡനം ഈ സ്ഥലങ്ങളില്‍ പതിവായിരുന്നതായും പള്ളി കുറ്റകൃത്യങ്ങള്‍ മറച്ച് വയ്ക്കാന്‍ ശ്രമിച്ചതിന്‍റെയും തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ അന്വേഷണത്തില്‍ ഓസ്ട്രേലിയയിലെ കര്‍ദിനാളായ ജോര്‍ജ് പെല്ലിന് വൈദികന്‍റെ വഴിവിട്ട നടപടികളേക്കുറിച്ച് വൈദികനെ അറസ്റ്റ് ചെയ്യുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിയാമെന്നും തെളിഞ്ഞിരുന്നു. ബാല പീഡനത്തിന് പിടിയിലായ ഈ കര്‍ദിനാള്‍ 13 മാസമാണ് ജയിലില്‍ കഴിഞ്ഞത്. ജനുവരിയിലാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്‍ മരിച്ചത്.