ആരുടേയാണ് ഭാരതം; ഇതൊക്കെ നമ്മൾ കലാകാരൻമാർ ചോദിക്കേണ്ട ചോദ്യം. തന്നെയാണ്: കലാഭവൻ ഷാജോൺ
നമ്മുടെ സമൂഹത്തിൽ ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് നടൻ കലാഭവൻ ഷാജോൺ. സുബീഷ് സുബി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേരിലെ ഭാരത് എന്ന വാക്ക് ഒഴിവാക്കാനുള്ള സെൻസർ ബോർഡിന്റെ തീരുമാനത്തെ മുൻനിർത്തിയായിരുന്നു ഷാജോണിന്റെ പ്രതികരണം.
‘ഭാരത സർക്കാർ ഉത്പന്നം എന്ന് പേരുള്ള ഒരു സിനിമ വന്നു. എന്നാൽ അതിലെ ഭാരതം എന്ന വാക്ക് പേരിൽ നിന്ന് കട്ട് ചെയ്ത് ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാണ് റിലീസായത്. ആരാണ് ഈ ഭാരത് എടുത്ത് മാറ്റണമെന്ന് പറഞ്ഞത്. ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്. ആരുടേയാണ് ഭാരതം. ഇതൊക്കെ നമ്മൾ കലാകാരൻമാർ ചോദിക്കേണ്ട ചോദ്യം. തന്നെയാണ്’, മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാജോൺ ചോദിച്ചു.
‘ എന്നാൽ പലപ്പോഴും നമുക്ക് മിണ്ടാൻ പേടിയാണ് അല്ലെങ്കിൽ എന്തെങ്കിലും വന്നാൽ ശബ്‌ദിക്കാൻ പേടിയാണ്. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ നല്ലത് എന്ന് ഞാനടക്കമുള്ള കലാകാരൻമാർ ചിന്തിക്കാറുണ്ട്. പക്ഷെ നമുക്ക് തെറ്റ് പറയാൻ പറ്റില്ല.
ചിലർ പറയാറുണ്ട്, നിങ്ങൾ കലാകാരൻമാരല്ലേ നിങ്ങൾക്ക് സംസാരിച്ചൂടെ, ഇതിനെതിരെ സംസാരിക്കണ്ടേയെന്നെല്ലാം. നമുക്കൊരു കുടുംബമുണ്ട്. എല്ലാവരും അത് തന്നെയല്ലേ ആലോചിക്കുന്നത്. സമാധാനപരമായ ഒരു ജീവിതം അതല്ലേ എല്ലാവരുടെയും ആഗ്രഹം’, ഷാജോൺ പറഞ്ഞു.