അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല: വിഎസ് സുനിൽകുമാർ

single-img
20 September 2024

ഇത്തവണത്തെ തൃശ്ശൂര്‍പൂരം കലക്കിയത് വളരെ യാദൃശ്ചികം എന്ന് പറയാനാവില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം കലക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നു. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണെന്നും വിഎസ് സുനില്‍കുമാര്‍ പറയുന്നു .

വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. എന്നാൽ അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല. സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്ന് കൊടുത്ത മറുപടി ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്.

ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയെന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലും യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയും. ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം.

സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ അവിടെയുണ്ട്. പൂരപ്പറമ്പില്‍ എം ആര്‍ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കണ്ടു. പോലീസ് പറഞ്ഞിട്ടല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കളക്ടറോ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്. മേളം പകുതി വച്ച് നിര്‍ത്താന്‍ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്. അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണ് എന്ന് അറിയണം- വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.