ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികരണം വിമർശനത്തിനിടയാക്കി; ക്ഷമ ചോദിച്ച് വിനയ് ഫോർട്ട്

single-img
21 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തോട് നടൻ വിനയ് ഫോർട്ടിന്റെ പ്രതികരണം വിമർശനത്തിനിടയാക്കിയിരുന്നു. റിപ്പോർട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ല, അറിയാത്ത വിഷയത്തെ കുറിച്ച് താനൊന്നും പറയില്ല, വേറെയെന്തൊക്കെ പരിപാടികളുണ്ട്, സമയം കിട്ടണ്ടേ, മലയാള സിനിമ അടിപൊളിയാണ്- എന്നൊക്കെയായിരുന്നു ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയുള്ള വിനയ് ഫോർട്ടിന്റെ പ്രതികരണം.

നടന്റെ പ്രതികരണത്തിനും ശരീരഭാഷയ്ക്കുമെതിരെ സോഷ്യൽമീഡിയയിൽ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. ഇതിനു പിന്നാലെ ഇപ്പോൾ ക്ഷമാപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ.

വളരെ ഗൗരവമേറിയ, വളരെ ദീർഘമായൊരു റിപ്പോർട്ടാണ് ഹേമ കമ്മിറ്റിയുടേതെന്നും അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കിൽ നമ്മളതിനെക്കുറിച്ച് മനസിലാക്കുകയും പഠിക്കുകയും വേണമെന്നും അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് വിഡ്ഡിത്തമാണെന്നും നടൻ പറഞ്ഞു.

ചോദ്യത്തിനുള്ള തന്റെ പ്രതികരണ വീഡിയോ വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു തന്റെ ശരീരഭാഷ എന്നു തോന്നിയെന്ന് നടൻ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ‘അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചതായി അറിയുകയും ചെയ്തു. തന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു’- നടൻ വ്യക്തമാക്കി.