ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും; ഋഷി സുനക്കിനു നറുക്ക് വീഴുമോ?

single-img
5 September 2022

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അം​ഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.

പാര്‍ട്ടിയുടെ പ്രചാരണ വിഭാ​ഗം ഓഫീസിലാണ് വോട്ടെണ്ണല്‍. ഫലം ബ്രിട്ടന്‍ സമയം 12.30ന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.00) അറിയാം.

ഇന്ത്യന്‍ വംശജനായ ഋഷി സുനകും, ലിസി ട്രസുമാണ് മത്സരരം​ഗത്തുളളത്. ഫലപ്രഖ്യാപനത്തിന് പത്ത് മിനുട്ട് മുമ്ബ് ആരാണ് വിജയിച്ചതെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിക്കും. തുടര്‍ന്ന് വിജയിച്ചയാളുടെ പ്രസം​ഗമുണ്ടാകും. ചൊവ്വാഴ്ച നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കും.

പോസ്റ്റല്‍ ബാലറ്റ് മുഖേനയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയം​ഗങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അം​ഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ലിസി ട്രസിനാണ് മുന്‍തൂക്കം. അതേസമയം വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനക് 137 വോട്ടുകളാണ് നേടി മുമ്ബിലെത്തിയിരുന്നു. ട്രസിന് 113 വോട്ടുകളാണ് നേടാനായത്. നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗണ്ട് അഞ്ചാം റൗണ്ടില്‍ പുറത്തായിരുന്നു. 105 വോട്ടുകളാണ് മൊര്‍ഡൗണ്ടിന് ലഭിച്ചിരുന്നത്.

ആരെ പിന്തുണച്ചാലും ഋഷി സുനക്കിനെ പിന്തുണയ്ക്കരുതെന്ന് ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടിയിലെ വിശ്വസ്തരോട് ആഹ്വാനം ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂലൈ ഏഴിന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജോണ്‍സണ്‍ രാജിവച്ചിരുന്നു. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പിന്തുണ നഷ്ടപ്പെട്ടതിനേത്തുടര്‍ന്നായിരുന്നു ഇത്. ഋഷി സുനക്കാണ് പിന്തുണ ഇടിയാനുള്ള കാരണമെന്ന് ബോറിസ് ജോണ്‍സണും അനുകൂലികളും കുറ്റപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം. അതേസമയം ട്രസ് ആണ് വിജയിക്കുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും തെരഞ്ഞെടുക്കപ്പെടുന്നത്.