എന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ അനിയത്തിക്കും നടന്നിരിക്കുന്നത്. എന്നെയും വീടിന് പുറത്താക്കിയിരുന്നു; അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രംഗത്ത്
കൊല്ലം: യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രംഗത്ത്.
തന്നെ കൊല്ലാന്‍ നോക്കിയെന്നും വാടകവീട്ടിലടക്കം എത്തി ഉപദ്രവിച്ചെന്നുമാണ് അതുല്യയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ വിമി വ്യക്തമാക്കി. തന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ അനിയത്തിക്കും ഉണ്ടായിരിക്കുന്നതെന്ന് വിമി പറഞ്ഞു.
“എന്റെ അതേ അനുഭവം തന്നെയാണ് ഇപ്പോള്‍ അനിയത്തിക്കും നടന്നിരിക്കുന്നത്. എന്നെയും വീടിന് പുറത്താക്കിയിരുന്നു. ഒരു ദിവസം ഭര്‍ത്താവാണ് വീടിന് പുറത്താക്കിയത്. അന്ന് പോലീസ് എത്തിയാണ് അകത്ത് കയറിയത്. പിന്നീടൊരു ദിവസം അമ്മായിയമ്മ പുറത്താക്കി. അന്ന് ഭര്‍ത്താവിന്റെ കൂടെ അയാളുടെ കടയില്‍ പോയാണ് രാത്രി കിടന്നത്”, വിമി പറഞ്ഞു.
അമ്മായിയമ്മയുടെ പീഡനം സഹിക്കാന്‍ പറ്റാതെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു വിമി. തന്റെ സ്വര്‍ണവും പണവും സ്വന്തമാക്കിയ ശേഷം വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് വിമി പറയുന്നത്. ഭര്‍ത്താവ് തന്നെ കഴുത്തില്‍ പിടിച്ച് കൊല്ലാന്‍ നോക്കിയിട്ടുണ്ടെന്നും ദേഹത്ത് കയറിയിരുന്ന് ഉപദ്രവിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും ആറ്റിങ്ങല്‍, കൊല്ലം കോടതികളില്‍ കേസ് നടക്കുകയാണെന്നും വിമി പറഞ്ഞു.
കൊല്ലം കൊട്ടിയത്ത് അതുല്യയെയും അഞ്ച് വയസ്സുകാരന്‍ മകനെയുമാണ് ഇന്നലെ വൈകിട്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീടിന് പുറത്താക്കി ഗയിറ്റ് അടച്ചത്. നാട്ടുകാരടക്കം കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി മുഴുവന്‍ ഇരുവരും വീടിന് പുറത്ത് നില്‍ക്കേണ്ടിവന്നു. ഇന്ന് രാവിലെ പോലീസ് എത്തിയപ്പോഴാണ് അമ്മായിയമ്മ വാതില്‍ തുറന്നത്. സിഡബ്ല്യൂസി അധികൃതരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.