മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ 14 പേരുടെ ശിക്ഷാവിധി ഇന്ന്
അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ 14 പേരുടെ ശിക്ഷാവിധി ഇന്ന്.
ഇന്നലെ മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. രണ്ടു പേരെ വെറുതെവിട്ടു. മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞത്.
പ്രതിക്കൂട്ടില്‍ നിന്നിരുന്ന ഓരോ പ്രതിയെയും അടുത്തു വിളിച്ചാണു കുറ്റകൃത്യം വായിച്ചു കേള്‍പ്പിച്ചത്. കടുത്ത ശിക്ഷ വിധിക്കരുതെന്നു പ്രതികള്‍ അപേക്ഷിച്ചു. ജഡ്ജി കെ എം രതീഷ്കുമാര്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.
16-ാം പ്രതിക്കെതിരെ മൂന്നു മാസം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്. ഇത് ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍ പതിനാറാം പ്രതിയെ ഇന്ന് മോചിപ്പിക്കും. കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. നാലാം പ്രതി അനീഷ്, 11-ാം പ്രതി സിദ്ദീഖ് എന്നിവരെയാണു വിട്ടയച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു.
അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനാണ് മധു. 2018 ഫെബ്രുവരി 22ന് കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പൊലീസ് മധുവിനെ അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്.