മണിപ്പൂരിൽ മെയ് 4 ന്  ആക്രമിക്കപ്പെട്ട ബിജെപി എംഎൽഎ വുങ്സാഗിൻ വാൾട്ടെയുടെ സ്ഥിതി സങ്കീർണ്ണമായി തുടരുന്നു

single-img
9 June 2023

ദില്ലി: മണിപ്പൂരിൽ മെയ് 4 ന്  ആക്രമിക്കപ്പെട്ട ബിജെപി എംഎൽഎ വുങ്സാഗിൻ വാൾട്ടെയുടെ സ്ഥിതി സങ്കീർണ്ണമായി തുടരുന്നു. വുങ്സാഗിൻ വാൾട്ടെ ആരോഗ്യം വീണ്ടെടുക്കാൻ ഏഴുമാസം എടുക്കുമെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. ആക്രമണത്തില്‍ ശബ്ദം നഷ്ടമായ എംഎല്‍യുടെ  ഓർമ്മയ്ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. എംഎൽഎ യ്ക്ക് നീങ്ങാനോ നടക്കാനോ ആകാത്ത സാഹചര്യം  ആണുള്ളത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് 61കാരനായ എംഎൽഎ ആക്രമിക്കപ്പെട്ടത്. 

കുകി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എംഎല്‍എ മൂന്നാം തവണയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെന്‍ സിംഗിന്‍റെ ഉപദേശക സംഘത്തിലെ അംഗമായിരുന്നു വുങ്സാഗിൻ വാൾട്ടെ. വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നടന്ന ഗോത്ര കലാപത്തിലെ ആദ്യത്തെ ഇരകളിലൊരാള്‍ കൂടിയാണ് ബിജെപി എംഎല്‍എ. കലാപകാരികളുടെ ആക്രമണത്തില്‍ എംഎല്‍എയുടെ തലയോട്ടി തകര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പാര്‍ട്ടിയില്‍ നിന്ന് ആരുമെത്തിയില്ലെന്ന് കഴിഞ്ഞ ദിവസം എംഎല്‍എയുടെ മകന്‍ ജോസഫ് വാള്‍ട്ടെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മുഖത്തിനും താടിയെല്ലിനും പരിക്കേറ്റ പിതാവിന്റെ താടിയെല്ലിന് പ്ലാറ്റിനം പ്ലേറ്റ് ഇട്ട നിലയിലാണുള്ളതെന്നും ജോസഫ് വാള്‍ട്ടെ മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. ക്രൂരമായ ആക്രമണമാണ് അക്രമികളില്‍ നിന്ന് പിതാവിന് നേരെയുണ്ടായതെന്നും ശരീരത്തിന്‍റെ പല ഭാഗത്തും പരിക്കേറ്റ അവസ്ഥയാണെന്നും അദ്ദേഹത്തെ ലക്ഷ്യമിട്ട് തന്നെയുള്ളതായിരുന്നു ആക്രമണമെന്നുമാണ് ജോസഫ് വാള്‍ട്ടെ വിശദമാക്കിയത്. എംഎല്‍എയുടെ ഡ്രൈവര്‍ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

അതേസമയം വടക്കു കിഴക്കൻ ദില്ലിയിൽ യുവാവിനെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച്  റോഡിലിട്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഒരാഴ്ച്ചക്കിടെ നടക്കുന്ന നാലാമത്തെ അതിക്രമമാണ് സുന്ദർ നഗരിയില്‍ നടന്നത്.