സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു; ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചത് ഞാൻ പറഞ്ഞതിനാൽ : ചെറിയാന്‍ ഫിലിപ്പ്
യുഡിഎഫിനെതിരായ സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ആ സമയത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോണ്‍ ബ്രിട്ടാസ് സംസാരിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന് ചെറിയാന്‍ ഫിലിപ്പ്.”സമരം ഒത്ത് തീര്‍പ്പ് ആക്കണമെന്ന് തിരുവഞ്ചൂരിന് താല്‍പര്യം ഉണ്ടായിരുന്നു. തിരുവഞ്ചൂര്‍ തന്റെ ഫോണിലേക്ക് വിളിച്ചു. താന്‍ പറഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയില്‍ പങ്കാളിയായത്.
അതിനുശേഷം ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ നേതാക്കള്‍ക്കെല്ലാം ഇക്കാര്യം അറിഞ്ഞിരിക്കാം.” “സമരം അവസാനിപ്പിക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നു. സമരം ദുരന്തമായി മാറാതിരിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണ് നടത്തിയത്. അവസാനിപ്പിക്കേണ്ടത് രണ്ടു കൂട്ടരുടെയും താല്‍പര്യമായിരുന്നു.” – വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
“സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു. ഒത്തുതീര്‍പ്പിന് ഇടതുമുന്നണിക്കും താല്‍പര്യമുണ്ടെന്ന് തിരുവഞ്ചൂരിനെ അറിയിച്ചു. സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളാണ്.” ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സോളാര്‍ സമരം സിപിഎം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ജോണ്‍ ബ്രിട്ടാസാണ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബ്രിട്ടാസ് രംഗത്തെത്തിയത്.