സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിൽ ചില്ലി കാശില്ല; എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല: കെ.സുരേന്ദ്രന്‍
കേരളാ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ രംഗത്ത്. സര്‍ക്കാരിന്‍റെ കയ്യിൽ ചില്ലി കാശില്ല. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല. കേരളത്തിൽ ധനകാര്യ മിസ് മാനേജ്മെൻ്റാണ് നടക്കുന്നത് ഇതെല്ലാം മറച്ചുവെക്കാനാണ് പിണറായി കോഴിക്കോട് പാലസ്തീൻ സമ്മേളനം നടത്തിയത്.
ഇവിടെ പാലസ്തീൻ, ഹമാസ് എന്നൊക്കെ പറഞ്ഞാൽ പാവങ്ങൾക്ക് അരിവാങ്ങാനാവില്ല. സാധാരണക്കാരായ കർഷകർക്ക് ലോൺ ലഭിക്കില്ല. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്? ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്. എന്നാൽ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ല.
ഖുറാൻ കൈവശം വെച്ചാൽ പിടിച്ച് അകത്തിടുന്നവരാണ് ചൈനക്കാർ. പാലസ്തീൻ സമ്മേളനങ്ങൾ എന്താണ് കോഴിക്കോട് മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റ് മതസ്ഥരായ പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സർക്കാർ നടത്തുന്നത്. മുസ്ലിംങ്ങളോടുള്ള സ്നേഹമല്ല, വോട്ട് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവർക്കുമറിയാം.
കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്ക്ക് കൊണ്ടുപോവാൻ ശ്രമിച്ചാൽ ബിജെപി തടയും. സിപിഎമ്മിൻ്റെ അജണ്ടയിൽ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. തലയിൽ ആള് താമസമില്ലാത്ത പ്രതിപക്ഷമാണ് കോൺഗ്രസിന്‍റേതെന്നും അദ്ദേഹം പരിഹസിച്ചു.