പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍.
സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയില്‍ ഹൈക്കോടതിയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്. പൊതുമുതല്‍ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.
റവന്യു റിക്കവറി നടപടികള്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. രജിസ്ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുവകകള്‍ ജനുവരി 15 നകം കണ്ടു കെട്ടുമെന്ന് അറിയിച്ച അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണു ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി വേണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പൊതുമുതല്‍ സംരക്ഷിക്കല്‍ പ്രധാനമെന്ന് പറഞ്ഞ കോടതി അല്ലാത്ത നടപടികള്‍ സമൂഹത്തിന് എതിരാണെന്നും അത്തരം നടപടികള്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും പറഞ്ഞു. അതിനാണ് നേരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി വിശദീകരിച്ചു