ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സർക്കാർ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെഎസ്‌ടിഎ നിലപാട് മന്ത്രി തള്ളി. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിച്ച പാഠങ്ങൾ പഠിക്കാനുമാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്നതാണ് ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂഹത്തെ നയിക്കേണ്ടത്. വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോൾ തന്നെ പ്രൈമറിയില്‍ 800 ഉം സെക്കന്‍ററിയില്‍ 1000 വും ഹയര്‍ സെക്കന്‍ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുണ്ട്. അതിനാൽ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.