ആരേയും തോൽപ്പിക്കാനല്ല, അർഹതപ്പെട്ടത് നേടാനാണ് ഡൽഹിയിലെ സമരം: മുഖ്യമന്ത്രി
കേന്ദ്രസർക്കാരിനെതിരായ ഡൽഹിയിലെ സമരം ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാനത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നത്.
ഇത് കേരളത്തിന്‍റെ മാത്രമല്ല, സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. പരാജയപ്പെട്ട് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്നാണ് പ്രതീക്ഷ. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്.
രാജ്യത്തിൻറെ സഹകരണ ഫെഡറലിസമെന്ന ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാനം നടത്താനിരിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും.
രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിച്ചുകളയാം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.