സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിൽ; അതിനായി വർക്ക് ഔട്ട് ചെയ്യുമായിരുന്നു: അന്ന ബെൻ

single-img
2 July 2024

പാൻ ഇന്ത്യൻ താരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയസിനിമ കൽക്കി 2898 എഡിയുടെ ഭാഗമാണ് മലയാളി നടി അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. സിനിമയുടെ റിലീസിനുശേഷം ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടത് അന്നയുടെ ആക്ഷൻ സീനുകളാണ്.

മലയാള സിനിമയിൽ കുമ്പളങ്ങി നെറ്റ്‌സിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അന്ന തെലുങ്കിൽ മാത്രമല്ല തമിഴിലുമിപ്പോൾ സജീവമാണ്. കൽക്കി തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുമ്പോൾ തന്റെ ഷൂട്ടിങ് അനുഭവങ്ങൾ വിനോദ ഓൺലൈൻ മാധ്യമമായ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അന്ന പങ്കുവെച്ചു.

സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്. അതുകൊണ്ട് തന്നെ അത് വർക്കാകുമോയെന്ന ടെൻഷനുണ്ടായിരുന്നു. പക്ഷെ ആളുകളുടെ കയ്യടിയും സ്വീകരണവും മറ്റും കണ്ടപ്പോൾ സന്തോഷമായി. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ധാരണയുള്ള സംവിധായകനാണ് നാഗ് അശ്വിൻ. കപ്പേളയും കുമ്പളങ്ങിയുമെല്ലാം അദ്ദേഹം കണ്ടിട്ടുണ്ട്. കയ്‌റ എന്ന കഥപാത്രം നാഗ് അശ്വിന് വളരെ ഇഷ്ടമുള്ളതാണ്. കൽക്കിയിലെ കയ്‌റയും കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളും തമ്മിൽ ഒരു ബന്ധമുണ്ട്. രണ്ടുപേരും ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ആളുകളാണ്.

അവർക്ക് ചുറ്റുമുള്ള പ്രശ്നങ്ങളും അങ്ങനെ തന്നെയാണ്. എത്ര പ്രശ്നങ്ങളുണ്ടെങ്കിലും അവരെ സന്തോഷത്തോടെ മാത്രമാണ് കാണാൻ കഴിയുക. നാഗ് സാർ കഥയെ പറ്റി സംസാരിക്കുമ്പോൾ വളരെ പോസിറ്റീവ് ഔട്ട്ലുക്കുള്ള ഒരു കഥാപാത്രമാണ് എന്നായിരുന്നു കയ്‌റയെ കുറിച്ച് പറഞ്ഞത്. കയ്‌റയെ പറ്റി അങ്ങനെയുള്ള ഡിസ്‌ക്രിപ്ഷനായിരുന്നു എനിക്ക് നാഗ് സാറിൽ നിന്ന് ലഭിച്ചത്. ഇത്രയേറെ കാമിയോസ് സിനിമയിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഈ സിനിമയിലെ മെയിൻ ആളുകൾക്ക് മാത്രമെ അത് അറിയുമായിരുന്നുള്ളു. ഡിക്യു കാമിയോ റോളിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. ആ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടതാണ്. കോമ്പിനേഷൻ സീൻ ഇല്ലാത്തതുകൊണ്ട് പ്രഭാസ് സാറിനെ നേരിട്ട് കണ്ടിട്ടില്ല. ദീപിക മാമിനൊപ്പവും ശോഭന മാമിനൊപ്പവുമായിരുന്നു എനിക്കുള്ള കോമ്പിനേഷൻ സീനുകൾ.

സ്റ്റണ്ട് ചെയ്യാൻ വേണ്ടി വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ബോഡി വെയിറ്റ് കൂടാതെ ശ്രദ്ധിച്ചു. റെഗുലർ ജിം ചെയ്യാൻ മടിയുള്ള വ്യക്തിയാണ് ഞാൻ. കുടുംബം എന്നെ സെലിബ്രിറ്റിയായി പരിഗണിക്കുന്നതായി തോന്നിയിട്ടില്ല. അതൊക്കെ ഗേറ്റിന് പുറത്ത് വരെ മാത്രം. എന്നെ എല്ലാവർക്കും അറിയാം എന്നത് പുറത്ത് പോകുമ്പോൾ ഫാമിലിയും ഫ്രണ്ട്‌സും പലപ്പോഴും മറന്ന് പോകാറുണ്ട്.