സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

single-img
5 December 2022

ഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസ്സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കുമ്ബോള്‍ പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍ നടപടികളില്‍ പരാതി ഉണ്ടെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നും അതിനായി പ്രത്യേക ഹര്‍ജി നല്‍കണമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടിരുന്നു.

കാക്കനാട് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ കോടതിയെ സമീപിച്ചത്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.