താപനില കൂടുതൽ; ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


കേരളത്തിൽ താപനില കൂടുന്നു. ഇതിനെ തുടർന്ന് ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
വളരെ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഏപ്രില്‍ 22, 23 തീയതികളില്‍ മലയോര പ്രദേശങ്ങള്‍ ഒഴികെ ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ പകല്‍ സമയങ്ങളിൽ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.
നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ ജോലിസമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.