വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ പിടിയിൽ


ബത്തേരി: വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ പിടിയിൽ. എറളോട്ട് കുന്നിൽ കോഴിഫാമിന് അടുത്ത് വച്ച കെണിയിലാണ് പുലർച്ചെ മൂന്നുമണിയോടെയാണ് കടുവ കുടുങ്ങിയത്. പ്രാഥമിക പരിശോധനയ്ക്കായി വനം വകുപ്പ് കടുവയെ മാറ്റി. 12 വയസ്സുള്ള പെൺകടുവയാണ് കെണിയിലായത്. പ്രാഥമിക പരിശോധനയിൽ 4 പരിക്കുകൾ കടുവയ്ക്ക് കണ്ടെത്തിയിട്ടുണ്ട്. ഡോ. അരുൺ സക്കറിയ വൈകാതെ വിശദ പരിശോധന നടത്തും. അതിനു ശേഷമാകും തുടര്‍ നടപടികള്‍.
നിലവില്‍ കടുവയെ മുത്തങ്ങ പച്ചാടിയിലെ ക്യാമ്പിലേക്ക് കടുവയെ മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് പത്തുവർഷമായി സാന്നിധ്യമുണ്ടായിരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 27 എന്ന കടുവയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പനവല്ലി സർവാണിയിലും കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, വനംവകുപ്പ് കൂട് വച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി മൂലങ്കാവിൽ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ നൂറിലധികം വളര്‍ത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടിക്കണം എന്നാവശ്യം ശക്തമായിരിക്കെയാണ് കടുവയുടെ പരാക്രമം എന്നതാണ് ശ്രദ്ധേയം. ബത്തേരി ടൌണിനോട് അടുത്ത പ്രദേശമായ മൂലങ്കാവില്‍ ഒരാഴ്ചയ്ക്കിടെ നാലിടത്താണ് കടുവയുടെ ആക്രമണമുണ്ടായത്. വളര്‍ത്തു നായകളും പശുക്കളും എന്തിന് കോഴികൾ അടക്കമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.
വനംവകുപ്പിന്‍റെ നടപടികള്‍ക്ക് തീരെ വേഗതയില്ലെന്നാണ് നാട്ടുകാരുടെ പരാതി ശക്തമായിരുന്നു ഇതിനിടയിലാണ് കടുവ പിടിയിലാവുന്നത്. മൂലങ്കാവ് എറളോട്ടുകുന്നിലും പരിസരത്തുമായി ഒരാഴ്ചയക്കിടെ രണ്ട് നായകളെയാണ് കടുവ പിടിച്ചത്. രണ്ട് പശുക്കളും ആക്രമണത്തിന് ഇരയായി. കോഴിഫാമിൽ കയറി വലിയ നാശമുണ്ടാക്കിയ കടുവ നൂറോളം കോഴികളെയാണ് കൊന്നത്. തുടര്‍ച്ചയായി വളർത്തുമൃഗങ്ങളെ തേടിയെത്തുന്ന കടുവ ഇരതേടാൻ കെൽപ്പില്ലാത്ത കടുവയാകാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ വനംവകുപ്പ് വിശദമാക്കിയിരുന്നു.