തൊഴിലാളികൾക്ക് കണ്ണൂരിൽ കിട്ടിയ നിധിശേഖരം; കൂടുതൽ പരിശോധന നടത്താൻ പുരാവസ്തുവകുപ്പ്

single-img
14 July 2024

കണ്ണൂർ ജില്ലയിലെ പരിപ്പായിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മഴക്കുഴിയെടുക്കുന്നതിനിടെ കിട്ടിയ സ്വർണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. ഇത് ലഭിച്ചതിന്റെ പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തും. അതിനുവേണ്ടി പുരാവസ്തുവകുപ്പ് വിദഗ്ധർ തിങ്കളാഴ്ചയെത്തും.

പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപമുള്ള പുതിയപുരയിൽ താജുദ്ദീന്റെ റബ്ബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വർണലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് കണ്ടെടുത്തത്.

തൊഴിലാളികൾ ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഇവർ പഞ്ചായത്തിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. കണ്ടെടുത്ത സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങളും തളിപ്പറമ്പ് എസ്.ഡി.എം. കോടതിയിൽ ഹാജരാക്കി. നിധി കണ്ടെത്തിയ സ്ഥലം കാണൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്.

സ്വർണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് വിദഗ്ധസംഘം പരിശോധിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇപ്പോൾ റവന്യൂവകുപ്പിന്റെ കൈവശമാണ് കണ്ടെത്തിയ വസ്തുക്കൾ ഉള്ളത്. കാലപ്പഴക്കം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഇതെല്ലാം പരിശോധിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുരാവസ്തുവാണെന്ന് കണ്ടെത്തിയാൽ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.