ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന സത്യങ്ങൾ മലയാള സിനിമയിൽ മാത്രമല്ല, പാൻ ഇന്ത്യൻ പ്രശ്നം: നടി ഷക്കീല

single-img
29 August 2024

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന സത്യങ്ങൾ മലയാള സിനിമയിൽ മാത്രമല്ല, ദേശീയ തലത്തിൽ സിനിമ മേഖല മുഴുവനും നേരിടുന്ന വലിയ പ്രശ്നമാണെന്ന് നടി ഷക്കീല. മലയാള സിനിമ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രമുഖ തമിഴ് ഓൺലൈൻ ചാനൽ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ കാര്യം നടി വെളിപ്പെടുത്തിയത്.

അതേസമയം ഈ ഹേമ കമ്മിറ്റി മലയാളത്തിൽ മാത്രമല്ല, മറ്റുള്ള സിനിമ ഇൻഡസ്ട്രികളിലും അതെപ്പോലെ വരണമെന്നും അവർ ആവശ്യപ്പെട്ടു. തെറ്റുചെയ്തിട്ടില്ലെങ്കിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിൻറെ രാജിയുടെയും പിരിച്ചുവിടലിന്റെയും ആവശ്യമില്ലായിരുന്നു എന്നും നടി പറഞ്ഞു.

താൻ പ്രസിഡന്റായിരിക്കുന്ന ഒരു സംഘടനക്കെതിരെ ഇത്തരത്തിൽ ഒരു വലിയ ആരോപണമുണ്ടായാൽ അത് നേരിടേണ്ടതിനു പകരം ആ സംഘടന പിരിച്ചു വിടുന്നത് അദ്ദേഹം തെറ്റുകാരനായത് കൊണ്ടല്ലേ എന്നും, അങ്ങനെയാണോ ഒരു സംഘടന പെരുമാറേണ്ടത് എന്നും നടി ചോദിക്കുന്നു.

പുരുഷാധിപത്യമുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും ഷക്കീല പറയുന്നു . വേറെ ഒരു സംസ്ഥാനത്തിൽ നിന്നും ഒരു സ്ത്രീ വന്ന് ഇവിടെ വിജയിച്ചാൽ അവർ വെറുതെ വിടുമോ. നിങ്ങൾ 4 കോടി മുടക്കി ഒരു പടം ചെയ്യുന്നു. ഞാൻ 14 ലക്ഷത്തിൽ പടം ചെയ്യുന്നു. എന്റെ പടം എല്ലാ വെള്ളിയാഴ്ച്ചയും റിലീസ് ആവുന്നു.

ഇവിടെ എന്റെ തിയറ്റർ ഫുള്ളായിരിക്കും നിങ്ങളുടെ പടത്തിന് ആളുണ്ടാവില്ല. നിങ്ങളെകൊണ്ട് ആ ഈ​ഗോ താങ്ങാൻ സാധിക്കുമോ. ഇതെല്ലാം ഞാൻ 2000 ൽ തന്ന സംസാരിച്ചിരുന്നു, പക്ഷെ അന്ന് എനിക്ക് സ്പോർട്ടിന് ആരും വന്നില്ല. അന്ന് മീഡിയ ഇത്ര ആക്ടീവ് അല്ലാതിരുന്നതിനാൽ അത്രയും വിമർശനങ്ങളില്ലായിരുന്നുവെന്നും ഷക്കീല ചൂണ്ടിക്കാട്ടി .