വിദ്യാര്‍ഥിനി സ്വന്തം ദൃശ്യങ്ങള്‍ മാത്രമാണ് പകര്‍ത്തി ആണ്‍സുഹൃത്തിന് അയച്ചതെന്നു സർവകലാശാല; രണ്ടു പേർ പിടിയിൽ

single-img
19 September 2022

ഛണ്ഡീഗഢ് യൂണിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ അറുപതോളം വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച്‌ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയുമായി സര്‍വകലാശാല.

ആരോപണ വിധേയയായ വിദ്യാര്‍ഥിനി സ്വന്തം ദൃശ്യങ്ങള്‍ മാത്രമാണ് പകര്‍ത്തി ആണ്‍സുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്നും സര്‍വകലാശാല പറഞ്ഞു. വിദ്യാര്‍ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍ ഇത് പ്രതിഷേധക്കാര്‍ തള്ളി. വിഷയത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. (Chandigarh University case arrested)

വിദ്യാര്‍ഥിനികളുടെ പരാതി പ്രകാരം സര്‍വകലാശാല നിര്‍ദേശിച്ചതനുസരിച്ച്‌ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ദൃശ്യങ്ങള്‍ അയച്ച പെണ്‍കുട്ടിയെയും മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയും വിദ്യാര്‍ഥിനി ദൃശ്യങ്ങള്‍ പങ്കുവച്ച 23 കാരനായ യുവാവുമാണ് പൊലീസ് പിടിയിലായത്. ഇവര്‍ക്കൊപ്പം 30കാരനായ മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്.

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തുകയും ആണ്‍കുട്ടികള്‍ക്ക് നല്‍കുകയുമായിരുന്നു എന്നാണ് പരാതി.

സര്‍വകലാശാലയില്‍ പഠിക്കുന്ന 60 പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ എട്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. സഹ വിദ്യാര്‍ത്ഥിനിയാണ് വീഡിയോ ചോര്‍ത്തി ഷിംലയിലെ ഒരു ആണ്‍ സുഹൃത്തിന് അയച്ചു കൊടുത്തത്. ഈ ആണ്‍ സുഹൃത്ത് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

കുറ്റാരോപിതയായ വിദ്യാര്‍ത്ഥിനി ഏറെ നാളായി വീഡിയോ എടുത്ത് സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിനി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറ്റാരോപിതയായ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ചോദ്യം ചെയ്തപ്പോള്‍, ഈ വീഡിയോകള്‍ താനാണ് ആണ്‍കുട്ടികള്‍ക്ക് നല്‍കിയതെന്ന് സമ്മതിച്ചു. എന്നാല്‍ പലതവണ ചോദിച്ചിട്ടും പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുമായി എന്താണ് ബന്ധമെന്നും അവന്‍ ആരാണെന്നും പറയാന്‍ കുറ്റാരോപിത തയ്യാറായിട്ടില്ല.

തനിക്ക് അബദ്ധം പറ്റിയെന്നും, ഇനി ചെയ്യില്ലെന്നും അവള്‍ പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചണ്ഡീഗഢ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി മുതല്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പ്രതിഷേധത്തിലാണ്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ ശബ്ദ സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.