45 വർഷത്തിന് ശേഷം ആദ്യം;യമുനയിലെ ജലം താജ്മഹലിന്‍റെ ചുവരുകളോളം വ്യാപിച്ചു
കാലാവസ്ഥയിൽ ലോകമാകെ സംഭവിച്ചിട്ടുള്ള വ്യതിയാനം അതിശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചേറെ കാലമായി. അതിൽ ഒടുവിലായി അമേരിക്കയിലെ ഫ്ലോറിഡാ തീരത്തെ സമുദ്രതാപ നില ചരിത്രത്തിലാദ്യമായി 32.2 ഡിഗ്രിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സമുദ്രങ്ങളിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം എല്‍നിനോ പ്രതിഭാസത്തിന് കാരണമാകും. ഇത് പല ഭാഗത്തും അതിതീവ്രമഴയ്ക്കും പ്രളയത്തിനും വഴി തുറക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരേന്ത്യയില്‍, പ്രത്യേകിച്ചും ഹിമാലയന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ ഏതാണ്ട് 90 ഓളം പേരാണ് മരിച്ചത്.
ഇന്ത്യയിലെ ഹിമാലയന്‍ താഴ്വാരകളില്‍ പെയ്തിറങ്ങിയ മഴ, യമുനയില്‍ അസാധാരണമായ വെള്ളപ്പെക്കം സൃഷ്ടിച്ചു. പിന്നാലെ രാജ്യതലസ്ഥാനമായ ദില്ലിയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. ഈ സാഹചര്യത്തിൽ 45 വർഷത്തിന് ശേഷം ആദ്യമായി യമുന നദിയിലെ ജലം ആഗ്രയിലെ താജ്മഹലിന്‍റെ ചുവരുകളോളം വ്യാപിച്ചു. 495 അടിയിലേക്ക് നദിയിലെ വെള്ളം ഉയര്‍ന്നതോടെ നദി കരകവിയുകയും പ്രളയ ജലം നഗരത്തിലെമ്പാടും വ്യാപിക്കുകയുമായിരുന്നു.
പക്ഷെ നിലവില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിന് ഭീഷണിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു. അതേസമയം, ജലനിരപ്പ് 499.1 അടിയോളം ഉയര്‍ന്നെന്നും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.