ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടത്; എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കണം: രേവതി
സർക്കാരിന് നൽകിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. കമ്മീഷന് മുൻപിൽ മൊഴി കൊടുത്ത സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരുടേയും സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രേവതി പറഞ്ഞു.
തങ്ങളുടെ സ്വകാര്യത മാനിക്കപ്പെടുമെന്ന് കരുതി തന്നെയാകും പലരും കമ്മീഷന് മൊഴി കൊടുത്തിട്ടുണ്ടാകുക. ആര്‍ക്കെങ്കിലുമെതിരെ ഭാവിയിൽ ഒരു ഭീഷണി വരാൻ വേണ്ടിയല്ല ഈ റിപ്പോര്‍ട്ടെന്നും രേവതി അഭിപ്രായപ്പെട്ടു.
കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടര്‍ നടപടികളെക്കുറിച്ച് എല്ലാവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്. ആ നിലയ്ക്ക് ഇതിനെ കാണണം.
റിപ്പോർട്ടിലെ പരാമർശങ്ങളെ അടിസ്ഥാനമാക്കി ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ല. ഇനി ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആലോചിക്കാന്‍ സഹായിക്കുന്ന പഠന റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കണമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.