സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്ത മഴക്ക് സാധ്യതയില്ലെങ്കിലും മിതമാത തോതിലുള്ള വ്യാപക മഴക്ക് അഞ്ച് ജിവസം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന വിവരം. മൺസൂൺ പാത്തി നിലവിൽ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതും അടുത്ത 2-3 ദിവസത്തിനുള്ളിൽ പതിയെ വടക്കോട്ട് മാറാൻ സാധ്യതയുള്ളതുമാണ് മഴ സാധ്യത സജീവമായി നിലനിർത്തുന്നത്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതും കേരളത്തിലെ മഴ സാധ്യതക്ക് കാരണമാണ്. അതേസമയം ഇന്നും നാളെയും കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ കേരള തീരത്തടക്കം മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.