ധോണിയെ വിറപ്പിച്ച കാട്ടു കൊമ്ബന്‍ പിടി 7 പിടിയിലായി

single-img
22 January 2023

പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടു കൊമ്ബന്‍ പിടി 7 പിടിയിലായി. രാവിലെ 7.15 ന് മയക്കുവെടി വച്ച ഒറ്റയാനെ കാടിന് പുറത്ത് എത്തിച്ചത് 4 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലായിരുന്നു.

ലോറിയിലേക്ക് കയറ്റിയത് കുങ്കിയാനകളുടെ സഹായത്തോടെ. മയക്കം വിട്ടതോടെ ബൂസ്റ്റര്‍ ഡോസും നല്‍കി. മൂന്നു കുംകിയാനകളുടെ സഹായത്തോടെ നാലു മണിക്കൂര്‍കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്ബില്‍ എത്തിച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്ബതു മീറ്റര്‍ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാലു വര്‍ഷം നാശമുണ്ടാക്കിയ കൊമ്ബനാണ് പിടിയിലായത്. ധോണി ക്യാമ്ബില്‍ 140 യൂക്കാലിപ്സ് മരം കൊണ്ടു ഉണ്ടാക്കിയ കൂട്ടില്‍ ആകും ഇനി കുറേക്കാലം പി ടി സെവന്‍റെ ജീവിതം. നാലുവര്‍ഷം വരെ ഉപയോഗിക്കാവുന്ന ഉറപ്പുള്ള കൂടാണിത്.

പിടി സെവന്‍ കാരണം ജീവനും ജീവിതവും നഷ്ടമായ അനേകര്‍ ആണ് ധോണി മേഖലയില്‍ ഉള്ളത്. പിടി സെവന്റെ പ്രഹരമേറ്റ് മരണമടഞ്ഞ ധോണി സ്വദേശി ശിവരാമന്റെ മകന്‍ അഖിലിന്റെ ആദ്യ പ്രതികരണം ഇങ്ങനെ. പിടി സെവന്‍ വീണ്ടും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി തുടങ്ങിയപ്പോള്‍ മൂന്നു മാസം മുമ്ബ് തന്നെ ജില്ലാ കളക്ടറെ കണ്ട് അഖില്‍ നിവേദനം നല്‍കിയിരുന്നു. തനിക്കും കുടുംബത്തിനും ഉണ്ടായ ദുരന്തം ഇനി ഒരാള്‍ക്ക് ഉണ്ടാവരുത് എന്ന് ആഗ്രഹിച്ച്‌ എല്ലാ അധികാരികളെയും അഖില്‍ മാറി മാറി കണ്ട് അപേക്ഷകള്‍ നല്‍കിയിരുന്നു. ധോണിയില്‍ ഈ ആശ്വാസവും സന്തോഷവും അഖിലിന് മാത്രമല്ല.

പിടി സെവന് മയക്കുവെടിയേറ്റെന്ന വാര്‍ത്തകള്‍ വന്നതോടെ വനപാലകരുടെ നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് ജനങ്ങള്‍ ഒഴുകിയെത്തി. മരങ്ങള്‍ക്കു മുകളില്‍ വരെ ജനം ഇടംപിടിച്ചു. മൂന്നു കുംകിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് പിടി സേവന്‍ കയറിക്കഴിഞ്ഞതും ജനങ്ങളുടെ ആശ്വാസവും സന്തോഷവും അണപൊട്ടി. ഇനി പിടി സേവനെ ഭയക്കേണ്ടതില്ലാത്ത ജീവിതത്തിലേക്ക് ധോണി നിവാസികള്‍.