കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നാണ് ആഗ്രഹം; രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോണ്‍ഗ്രസ് കാരണം സംഭവിച്ചതാണ്: മുഖ്യമന്ത്രി

single-img
4 December 2023

മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കോൺഗ്രസ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്നും രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തില്ലെന്നും അദ്ദെജം പറഞ്ഞു. താന്‍ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎം സ്ഥാനാര്‍ത്ഥികള്‍ സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടതിന്റെ കാരണവും കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തി.

സമൂഹത്തിൽ വലിയ തോതിൽ വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ നിന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ സേവകനാണെന്ന് പറഞ്ഞ് കമല്‍നാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമല്‍നാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോണ്‍ഗ്രസ് കാരണം സംഭവിച്ചതാണ്.

അതേപോലെ തന്നെ നവ കേരള സദസ്സിനെത്തുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാണാത്തവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആര്‍ക്കും എതിരല്ല, എല്ലാവരെയും ഉള്‍ക്കൊളളുന്നതാണ്. എന്തിനാണ് ബഹിഷ്‌കരിച്ചതെന്ന് അവരില്‍ ചിലര്‍ക്ക് പോലും അറിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന ആരോപണമുണ്ട്. ജില്ലാ കൗണ്‍സില്‍ പിരിച്ചു വിട്ടവരാണ് ഈ ആരോപണത്തിന് പിന്നില്‍. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വച്ചതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നല്‍കാത്തതിനെക്കുറിച്ച് പ്രതിപക്ഷം മിണ്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .