കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും യുവതി പൂട്ടിയിട്ടത് മൂന്നു വർഷം


കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു.
ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
ഒരു സ്വകാര്യ കമ്ബനിയില്‍ എഞ്ചിനീയറായ സുജന്‍ മാജിയുടെ ഭാര്യ മുന്‍മുന്‍ മാജിയാണ് 10 വയസുകാരനായ മകനുമൊത്ത് മൂന്നു വര്‍ഷമായി വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞത്. സുജന്‍ മാജിയുടെ അഭ്യര്‍ത്ഥനപ്രകാരം ചക്കര്‍പൂര്‍ പൊലീസെത്തി അമ്മയെയും മകനെയും വീടിന്റെ പൂട്ട് പൊളിച്ച് പുറത്തെത്തിച്ചു. ആകെ അലങ്കോലപ്പെട്ട അവസ്ഥയിലായിരുന്നു വീടിന്റെ ഉള്‍വശം. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും വെട്ടിയിട്ട തലമുടിയും മാലിന്യവും എല്ലാം ചിതറിക്കിടക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാജി തന്നെയാണ് ഇക്കാലമത്രയും മകന്റെ തലമുടി വെട്ടിയിരുന്നത്.
ഗ്യാസ് സ്റ്റൗവിനു പകരം ഇന്‍ഡക്ഷന്‍ കുക്കറാണ് പാചകത്തിനായി ഉപയോഗിച്ചിരുന്നത്. മൂന്നു വര്‍ഷമായി മാലിന്യങ്ങള്‍ പുറത്തുകളഞ്ഞിരുന്നില്ല. ഇക്കാലത്തിനിടയില്‍ പുറത്തുനിന്നാരും വീട്ടിലേക്ക് പ്രവേശിച്ചിട്ടുമില്ല. കുട്ടി പെന്‍സില്‍ ഉപയോഗിച്ച് ചുവരുകളില്‍ ചിത്രം വരയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. മൂന്നു വര്‍ഷമായി കുട്ടി പുറത്തെ വെളിച്ചം പോലും കണ്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവര്‍ വീട്ടിനുള്ളില്‍ പൂട്ടിയിരിക്കുകയാണെന്ന് അയല്‍ക്കാര്‍ക്കും പോലും വിവരമുണ്ടായിരുന്നില്ല.
വീടിനു പുറത്തിറങ്ങിയാല്‍ തന്റെ മകന്‍ മരിക്കുമെന്ന ഭയമാണ് യുവതിയെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനെപ്പോലും വീടിനുള്ളിലേക്ക് കയറാന്‍ യുവതി സമ്മതിച്ചിരുന്നില്ല. 2020ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സമയത്ത് ഓഫീസില്‍ പോയ ഭര്‍ത്താവിനെ പിന്നീട് വീട്ടിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. ഭര്‍ത്താവ് വീഡിയോകോളിലൂടെയാണ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. വീടിന്റെ വാടക ഇദ്ദേഹം മുടങ്ങാതെ കൊടുത്തിരുന്നു. വൈദ്യുതി ബില്ല്, കുട്ടിയുടെ സ്കൂള്‍ ഫീസ് തുടങ്ങിയവയും മുടക്കിയില്ല. പലചരക്ക്, പച്ചക്കറി സാധനങ്ങളെല്ലാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയെയും മകനെയും വീട്ടില്‍ നിന്ന് പുറത്തെത്തിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.