ഷാരോണിന്റെ മരണമൊഴിയില്‍ യുവതിയുടെ പേരില്ല

single-img
30 October 2022

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിന്‍റെ അച്ഛന്‍, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ യുവതിയുടെ പേരില്ല. തന്റ്റെ കാമുകി പാവമാണെന്നും, അവള്‍ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഷാരോണ്‍ പോലീസിനോട് അവസാനമായി പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോള്‍ താന്‍ കഷായം കുടിച്ചിരുന്നുവെന്ന കാര്യവും ഷാരോണ്‍ മറച്ചുവെച്ചു.

ഛര്‍ദ്ദിലോടെ ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോണ്‍ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാല്‍, പിന്നീട് ഷാരോണ്‍ വൈകിട്ട് വിളിച്ചപ്പോള്‍ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചിരുന്നു. ചലഞ്ച് എന്ന പേരില്‍ ഷാരോണും യുവതിയും ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവിന്‍റെ മരണത്തിന് രണ്ടാഴ്ച മുന്‍പാണ് ചലഞ്ച് നടന്നത്. യുവതിയുമായി ഷാരോണ്‍ നടത്തിയ വാട്ട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, യുവാവിന്‍റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ യുവതി നിഷേധിച്ചിരുന്നു. തനിക്ക് ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്നായിരുന്നു യുവതിയുടെ വിശദീകരണം. ‘പറയുന്നത് പറഞ്ഞോട്ടെ, ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഇപ്പോള്‍ തന്നെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഈ കാര്യം പറഞ്ഞിട്ട്. മുന്നോട്ട് ഇങ്ങനെ തന്നെ പോകാനാണെങ്കില്‍ എന്‍റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല. ഈ പറയുന്നതില്‍ ഒന്നും ഒരു അടിസ്ഥാനവുമില്ല. എനിക്ക് പ്രതികരിക്കാനില്ല ഇതില്‍, എനിക്ക് ഒന്നും പറയാനുമില്ല’. എന്നായിരുന്നു യുവതിയുടെ പ്രതികരണം.