വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാർ: നവ്യ ഹരിദാസ്


വയനാട് മണ്ഡലത്തിലെ കോൺഗ്രസ് പാർട്ടിയുടെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്ക ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്.
എം.പി ആയി ഇരുന്ന 5 വർഷക്കാലം വയനാടിൻ്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുൽ ഗാന്ധി. ഇപ്പോൾ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരിൽ സംഘടിപ്പിച്ച ബിജെപി മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.
വയനാടിനെ കോൺഗ്രസിൽ നിന്നും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് എൻ ഡി എ നടത്തുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്ന എം.പിയെ ആണ് മണ്ഡലത്തിന് ആവശ്യം. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചു. കേന്ദ്രം അനുവദിച്ച ആശ്വാസ സഹായം പോലും കൃത്യമായി ദുരിത ബാധിതർക്ക് നൽകാത്ത സർക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിൻ്റെ വികസന നയങ്ങൾ മുൻ നിർത്തിയാണ് താൻ വോട്ട് അഭ്യർത്ഥിക്കുന്നതെന്നും സ്ഥാനാർത്ഥി പറഞ്ഞു.