സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച്‌ യൂത്ത് ലീഗ് നടത്തിയ മാ‍ര്‍ച്ച്‌ അക്രമാസക്തമായി

single-img
18 January 2023

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച്‌ യൂത്ത് ലീഗ് നടത്തിയ മാ‍ര്‍ച്ച്‌ അക്രമാസക്തമായി.

സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീ‍ര്‍ന്നതിന് പിന്നാലെയാണ് പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരായത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിഞ്ഞു. പിന്നാലെ കല്ലേറും നടത്തി.

പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരായതോടെയാണ് പൊലീസ് ലാത്തി വീശിയത്. പിന്നാലെ കണ്ണീ‍ര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘ‍ര്‍ഷത്തില്‍ നിന്ന് പിന്മാറിയില്ല. ഇതോടെ പൊലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച്‌ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്ബത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്‌ നടത്തിയത്. രാവിലെ 10ന് മ്യൂസിയം ജങ്ഷനില്‍ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നില്‍ റാലി അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്.