ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ; ഒന്ന് ജനങ്ങൾ രണ്ടാമത്തേത് ഭരണഘടന: വിഡി സതീശൻ
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്തിനായി എന്ത് പുതുതായി നിർമ്മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണമെന്ന് വി.ഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെയെന്നും വി.ഡി സതീശൻ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :
ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ല. രാജ്യത്തിനുവേണ്ടി എന്ത് പുതുതായി നിർമ്മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെ ? ഞാനാണ് എല്ലാം എന്ന് ഒരാൾ വിചാരിക്കുന്നതാണ് ഏകാധിപത്യം . എല്ലാ അർഥത്തിലും അത് ഭീരുത്വമാണ്. എന്നിലൂടെ എല്ലാം സംഭവിച്ചു , ഞാൻ മാത്രമാണ് ഇതിനെല്ലാം കാരണഭൂതൻ എന്നൊരാൾ സ്വയം ധരിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്.
നിർഭാഗ്യവശാൽ നരേന്ദ്ര മോദിയും അനുയായികളും ഇപ്പോൾ ചെയ്യുന്നത് ഇതൊക്കെയാണ്. ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ.. ഒന്ന് ജനങ്ങൾ രണ്ടാമത്തേത് ഭരണഘടന. പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണ്. സംഘപരിവാറിനോടും ഫാസിസത്തോടും പൊരുതാനും, ഇന്ത്യയുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാനും ഗാന്ധിയേയും , നെഹ്‌റുവിനേയും അവരുടെ പാതയിൽ സഞ്ചരിച്ച അസംഖ്യം ദേശസ്‌നേഹികളേയും ഓർക്കണം. ദേശസ്‌നേഹവും അതിതീവ്ര ദേശീയതയും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്.