കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ ഇന്നും കനത്ത പ്രതിഷേധം


തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ ഇന്നും കനത്ത പ്രതിഷേധം.
ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസ് തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോര്‍ച്ച മാര്‍ച്ച് അല്‍പസമയത്തിനകം നടക്കും.
തുടര്‍ച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോര്‍പറേഷന്‍ പരിസരം സംഘര്‍ഷഭരിതമാണ്. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു. നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടര്‍ന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പോയി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തില്‍ കേസെടുത്തോ എന്ന് കോടതി ചോദിച്ചു. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി ഈ മാസം 25ലേക്ക് മാറ്റി.