ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം
ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം. പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടു തടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്.
തലസ്ഥാനമായ ബീജീങ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് അഭ്യൂഹങ്ങള്‍. ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും പ്രധാന നഗരങ്ങളില്‍ സൈനിക വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നതായും ട്വിറ്ററില്‍ പ്രചാരണമുണ്ട്. ബീജിങ്ങിലേക്ക് നീങ്ങുന്ന സൈനിക വാഹനങ്ങള്‍ എന്ന നിലയില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത എത്രമാത്രം ശരിയാണെന്ന് വ്യക്തമല്ല.
അതേസമയം, ചൈനയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ഈ പ്രചാരണം ഏറെ വരുന്നത് എന്നതും ശ്രദ്ധേയമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി ഖ്വാമിങ് ആണ് സൈനിക നീക്കത്തിന് പിന്നിലെന്നും ട്വിറ്ററില്‍ പ്രചാരണം നടക്കുന്നു.