19 വര്‍ഷമായിട്ടും പദവിയില്‍ യാതൊരു മാറ്റവുമില്ല; അതൃപ്തിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

single-img
20 August 2023

കോൺഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവ് മാത്രമായതില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയായ ഫേസ്ബുക്കില്‍ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കോൺഗ്രസിന്റെ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയത് രാജീവ് ഗാന്ധിയായിരുന്നുവെന്ന് ചെന്നിത്തല കുറിയ്ക്കുന്നു.അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയും കുറിപ്പിനൊപ്പമുണ്ട്.

രാജീവ്ജിയുടെ ജന്മദിനത്തില്‍ ആ മഹാതേജസ്സിന്റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്നും രമേശ് തെന്നിത്തല കുറിച്ചു. അതേസമയം, എ ഐ സി സി ജനറല്‍ സെക്രട്ടറിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായ കെ സി വേണുഗോപാലാണ് രമേശ് ചെന്നിത്തലെ വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി ഒതുക്കിയതെന്നാണ് സൂചന.

ദേശീയ രാഷ്ട്രീയവുമായി അടുത്ത ബന്ധമുളള നന്നായി ഹിന്ദി സംസാരിക്കുന്ന രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് വന്നാല്‍ തന്റെ പ്രധാന്യം നഷ്ടപ്പെടുമോ എന്ന ഭീതിയാണ് കെ സി വേണുഗോപാലിനുളളതെന്നും രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ കരുതുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എന്റെ ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ്ജി. അദ്ദേഹത്തിന്റെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാജീവ്ജിയായിരുന്നു.

കാന്തിക പ്രഭാവമാണ് ആ വ്യക്തിത്വത്തിന് ഉണ്ടായിരുന്നത്. ഇന്ത്യയെന്ന മഹത്തായ രാജ്യം പ്രപഞ്ചത്തോളം വളരുന്ന സ്വപ്നമായിരുന്നു ആ മനസ്സു നിറയെ. ജീവിച്ചതും മരിച്ചതും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു.

രാജീവ്ജിയുടെ ജന്മദിനത്തില്‍ ആ മഹാതേജസ്സിന്റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഈ ഓര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എന്റെ വഴിവിളക്ക്.