ശാസ്ത്രത്തെ രക്ഷിക്കാൻ സ്പീക്കർ വരണ്ട ആവശ്യം ഇല്ല; സഭ മര്യാദക്ക് നടത്തിയാൽ മതി: കെ മുരളീധരൻ
ഗണപതി- ശാസ്ത്ര പരാമർശത്തിൽ ഉണ്ടായ മിത്ത് വിവാദത്തിൽ സ്പീക്കർ എൻ എ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മിൽ ഇപ്പോൾ ഒരു യുദ്ധവും നടന്നിട്ടില്ല. ശാസ്ത്രത്തെ രക്ഷിക്കാൻ സ്പീക്കർ വരണ്ട ആവശ്യം ഇല്ല. സ്പീക്കർ സഭ മര്യാദക്ക് നടത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ തന്നെ, എൻഎസ്എസിനെ വർഗീയമായി ചിത്രീകരിക്കാൻ സിപിഎം നോക്കേണ്ട. ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കുകയാണ്, അത് വേണ്ട. ശബരിമലയിൽ കൈ പൊള്ളിയവരാണ് കേരളത്തിലെ സിപിഎം. ഗണപതി വിഷയത്തിൽ കൈയ്യും മുഖവും പൊള്ളും.
സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്നും ശാസ്ത്രത്തെ രക്ഷിക്കാനുള്ള അവതാരങ്ങളെ കേരളത്തിൽ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അപകീർത്തി കേസിലെ കോടതി വിധി വയനാടിനും കേരളത്തിനും അഭിമാനകരമാണെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ വേണ്ട ആളാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.