സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പും ഇല്ല; അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അത് ഞങ്ങളുടെ മമ്മൂക്കയും ലാലേട്ടനുമാണ്: പൊന്നമ്മ ബാബു

single-img
2 September 2024

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഉയർന്ന അനവധി വിവാദങ്ങളില്‍ പ്രതികരിച്ച് നടി പൊന്നമ്മ ബാബു. താര സംഘടനയായ അമ്മ എന്ന സംഘടയില്‍ 222 സ്ത്രീകള്‍ ഉണ്ട് പക്ഷെ അതില്‍ ആരെയും ഹേമ കമ്മീഷന്‍ മൊഴി നല്‍കാന്‍ വിളിച്ചില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു.

മാത്രമല്ല, ഡബ്ല്യുസിസി ഇതുവരെ ഏതെങ്കിലും സ്ത്രീയുടെ കണ്ണീരൊപ്പിയിട്ടുണ്ടോയെന്നും പൊന്നമ്മ ബാബു ചോദിക്കുന്നു. വിനോദ ചാനലായ കൌമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബുവിന്‍റെ പ്രതികരണം. ഡബ്ല്യുസിസി തുടങ്ങുന്ന സമയത്ത് ഞങ്ങളോട് ആരും അതില്‍ ചേരുന്നോ എന്ന് ചോദിച്ചില്ല. ഡബ്ല്യുസിസി തുടങ്ങുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മമ്മൂട്ടിയാണ്.

മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുന്നു നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണം എന്ന് അതിന് സപ്പോര്‍ട്ട് നല്‍കിയാളാണ് മമ്മൂട്ടി. എന്നാൽ അമ്മയിൽ നിന്നും പുറത്തുപോയി ഇവര്‍ സംഘടന രൂപീകരിച്ച് ഏന്തെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാനോ, ഏതെങ്കിലും സ്ത്രീയുടെ കണ്ണീരൊപ്പാനോ ഇവര്‍ ഒന്നും ചെയ്തിട്ടില്ല. അവര്‍ ഒരു കാര്യത്തിലും മുന്‍കൈ എടുത്തിട്ടില്ല.

ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുള്ളപ്പോള്‍ അമ്മയിലെ അംഗങ്ങളാണ് ഞങ്ങളെ സഹായിച്ചിട്ടുള്ളത്. സെറ്റില്‍ പീഡിപ്പിച്ചു എന്ന കാര്യമാണ് അവര്‍ എടുത്തിരിക്കുന്നത് മറ്റൊരു കാര്യത്തിലും അവരെ കണ്ടിട്ടില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു. അമ്മയില്‍ രണ്ട് തട്ടിലാണ് ആളുകള്‍ എന്നത് തെറ്റാണ്. അതൊക്കെ വെറും വാര്‍ത്തയാണ് ഞങ്ങള്‍ എന്നും ഒന്നിച്ചാണ്. അതിജീവിതയ്ക്കൊപ്പം തന്നെയാണ് ഞങ്ങള്‍ എന്നും.

കുറ്റം ചെയ്തയാള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ അന്ന് ഞങ്ങള്‍ ചെരിപ്പിട്ട് അടിക്കുമെന്നും പൊന്നമ്മ ബാബു പറഞ്ഞു. സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പും ഇല്ല അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അത് ഞങ്ങളുടെ മമ്മൂക്കയും ലാലേട്ടനുമാണ്. അല്ലാതെ പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നത് ചുമ്മാതാണ് ഞങ്ങള്‍ക്ക് എന്നും പവര്‍ മമ്മൂക്കയും ലാലേട്ടനുമാണെന്ന് പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു.