പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല; കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും എന്നത് മാധ്യമപ്രചാരണം; എംവി ഗോവിന്ദൻ മാസ്റ്റർ
നിലവിൽആലപ്പുഴയിലെ വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും എന്നത് മാധ്യമപ്രചാരണം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരിക്കലും പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടിയുടെ മുന്നില്‍ വരുന്ന എല്ലാ കേസും പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തും. വര്‍ഗീയതയ്ക്കും കേന്ദ്ര നയങ്ങള്‍ക്കുമെതിരെ സിപിഐഎം സംസ്ഥാന ജാഥ സംഘടിപ്പിക്കും.
അടുത്ത മാസം 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് പ്രചാരണ ജാഥ. ഇത് കാസര്‍ക്കോട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാരിന്റെ ഭരണത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി വലിയ വിജയമായിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.