എഡിജിപിയെ മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ല; നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും: ബിനോയ് വിശ്വം

single-img
4 October 2024

എഡിജിപി എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നതാണ് സിപിഐ നിലപാട്. ഏത് വിഷയത്തിൽ ആയാലും ഇടതുപക്ഷ പരിഹാരമാണ് സിപിഐ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞിരുന്നു

സിപിഐയുടെ സംസ്ഥാന നിർവാഹക കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃയോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്. ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.