ഏറെകാലം ആ സ്ഥാനത്ത് എഡിജിപി ഉണ്ടാകാൻ വഴിയില്ല; ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ല അന്‍വര്‍: ബിനോയ് വിശ്വം

single-img
27 September 2024

എഡിജിപി എം ആർ അജിത് കുമാർ ഏറെക്കാലം ആ സ്ഥാനത്ത് ഉണ്ടാകാൻ വഴിയില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ് നേതാക്കളെ ഇടക്കിടെ പോയി കാണുന്ന, അവരുമായി ചങ്ങാത്തമുള്ള ഒരാൾക്ക് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലെ പൊലീസിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരാൻ അവകാശമില്ല.

അതിനാൽ തന്നെ ഏറെകാലം ആ സ്ഥാനത്ത് എഡിജിപി ഉണ്ടാകാൻ വഴിയില്ല. പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങള്‍ പെട്ടെന്ന് ഉത്തരം പറയാവുന്ന വിഷയമല്ലെന്നും ചര്‍ച്ച ചെയ്തശേഷം വിശദമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2011ൽ ഇടതുമുന്നണിയെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അൻവര്‍ ഏറനാട്ടിൽ മത്സരിച്ചത്. ആ സമയം എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് അൻവര്‍ മത്സരിച്ചത്.

പക്ഷെ എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടിയാണ് അന്ന് ഇടതുമുന്നണി അവിടെ മത്സരിച്ചത്. കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. പക്ഷെ , ആ പോരാട്ടം നീതിക്കും കമ്യൂണിസ്റ്റ് മൂല്യം കാത്തുസൂക്ഷിക്കാനും വേണ്ടിയായിരുന്നു. ഇപ്പോൾ പുതിയ രാഷ്ട്രീയ വിവാദങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പരിഹാരമാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്‍ഡിഎഫിലും ഉണ്ടാകുമെന്ന് കരുതുകയാണ്.

ഒരിക്കലും മൂല്യങ്ങള്‍ മറന്ന് പരിഹാരം തേടരുത്. ഒരു ഭാഗത്ത് ഇടതുമുന്നണിയും മറുഭാഗത്ത് വിരുദ്ധരുമാണുള്ളത്. എല്‍ഡിഎഫിന്റെ ഭാഗത്ത് ഉറച്ചുനിന്നുകൊണ്ട് ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് നിലപാട് സ്വീകരിക്കാനാകും. ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ല അന്‍വര്‍.

അൻവറിനെ ഉൾക്കൊള്ളാനാകില്ല എന്ന് തുടക്കം മുതൽ സിപിഐ നിലപാട് എടുത്തിരുന്നു. അൻവറിനെതിരെ സിപിഐ നടത്തിയ പോരാട്ടം നീതിക്ക് വേണ്ടിയായിരുന്നു. ഇടതുമൂല്യങ്ങളുടെ കാവൽക്കാരനെപ്പോലെ അൻവർ ഭാവിച്ചാലും ആരെങ്കിലും അൻവറിനെ ഉയർത്തിക്കാണിച്ചാലും എത്രമാത്രം ശരിയാകുമെന്ന് സിപിഐക്ക് സംശയമുണ്ട്- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു .