സർക്കാർ അനാവശ്യ സമ്മർദ്ദം ചെലുത്തി; കണ്ണൂർ വി സിയുടെ കാര്യത്തിൽ തെറ്റുപറ്റി: ഗവർണർ
സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാന്സലര്മാരുടെ നിയമന വിവാദത്തിൽ പ്രതികരണവുമായി പത്രസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാന സർക്കാരാണ് തന്നിൽ അനാവശ്യമായ സമർദം ചെലുത്തിയത്. എ.ജി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കണ്ണൂർ വി സിയുടെ നിയമനം സാധുവാകുമെന്ന് എ ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നുവെന്നും ഗവർണർ പറയുന്നു.
ഗവർണറും സംസ്ഥാന സർക്കാരുമായി ഒരു പോരുമില്ല. ഇപ്പോഴുള്ള ഈ പോര് താൻ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. ഇതോടൊപ്പം ഇർഫാൻ ഹബീബിനെതിരെയും ഗവർണർ രംഗത്തെത്തി. കണ്ണൂരിൽ തനിക്കെതിരെ സുരക്ഷാ ലംഘനമുണ്ടായെന്ന് ആവർത്തിച്ച അദ്ദേഹം, കണ്ണൂർ വിസിക്കെതിരെ ഒരു കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ചോദിച്ചു.
വൈസ് ചാൻസലർമാരോട് രാജി വയ്ക്കരുത് എന്ന് ആവശ്യപ്പെട്ടത് ഇടതുമുന്നണിയാണ് . അതോടുകൂടി വി.സിമാർക്ക് പിന്നിൽ ആരെന്ന് തെളിഞ്ഞു. വൈസ് ചാൻസിലർമാരെ നിയന്ത്രിക്കുന്നത് പൂർണമായും എൽ ഡി എഫാണ്. കേരളത്തിലെ സർവകലാശാലകളിൽ മികച്ച വി.സിമാരുണ്ട്. അവരോട് തനിക്ക് അനുകമ്പയുമുണ്ട്. എന്നാൽ, സുപ്രീം കോടതി വിധിയാണ് ഇക്കാര്യത്തിൽ പ്രധാനമെന്നും ഗവർണർ കൂട്ടിച്ചേർത്തു.