ഭ്രമയുഗം വിജയിക്കുമോ ഇല്ലയോ അങ്ങനത്തെ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല: അമാൽഡ ലിസ്

single-img
20 February 2024

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ‘ഭ്രമയുഗം’ ചർച്ചയാവുമ്പോൾ, ഈ സിനിമയിലെ യക്ഷിയും ചർച്ചചെയ്യപ്പെടുന്നുണ്ട്. അമാൽഡ ലിസ് എന്ന താരമായിരുന്നു ഇതിൽ യക്ഷിയെ അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ ഈ സിനിമയിലേക്ക് താൻ എങ്ങനെയാണ് എത്തിപ്പെട്ടത് എന്നതിനെ പറ്റി വിശദീകരിക്കുകയാണ് അമാൽഡ ലിസ്.

ഫഹദ് നായകനായ ട്രാൻസിലെ തന്റെ പ്രകടനം കണ്ടാണ് ചിത്രത്തിലേക്ക് എത്തിയതെന്നാണ് അമാൽഡ ലിസ് മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.” ട്രാന്‍സ് കണ്ടിട്ടാണ് രാഹുല്‍ എന്നെ വിളിക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. ചെറിയൊരു കഥാപാത്രം. സ്ക്രീന്‍ സ്പേസ് കുറവായിപ്പോയി എന്നൊരു വിഷമമൊന്നുമില്ല. ഒരു കഥാപാത്രത്തിനെ എങ്ങനെ കാണിക്കണം, എത്ര നേരം കാണിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സംവിധായകന്‍റെ ചോയിസാണല്ലോ.

ആ കാര്യത്തിൽ നമ്മളെന്തെങ്കിലും പറയുന്നതില്‍ കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം ചെറുതോ വലുതോ എന്നത് ഒരു വിഷയമല്ല. ഒരു സീനിലാണെങ്കിലും എത്ര സീനില്‍ വന്നാലും ആ രംഗത്തിനു വേണ്ടത് കൊടുക്കേണ്ടത് നമ്മളെക്കൊണ്ട് മാക്സിമം കൊടുക്കണം.

സിനിമ റിലീസായശേഷം എന്‍റെ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ആളുകള്‍ മെസേജയക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു തീമില്‍ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്‍റായിരുന്നു. ആ ടീമിന്‍റെ കൂടെ അങ്ങനെയങ്ങ് പോയി. സിനിമ വിജയിക്കുമോ ഇല്ലയോ അങ്ങനത്തെ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.”