ബിജെപി ഭരണകാലത്ത് തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല; വഖബ് ബോർഡിനെതിരെ സുരേഷ് ഗോപി
വഖഫ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബോർഡിൻ്റെ പേര് പോലും വേദിയിൽ പറയില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി, വഖഫ് ബോർഡിനെ കിരാതമെന്നാണ് വിശേഷിപ്പിച്ചത്. ഭാരതത്തിൽ ഇനി ആ കിരാതമുണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വയനാട്ടിൽ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്. മണിപ്പൂർ പൊക്കിപ്പിടിച്ച് നടന്നവർ ഇന്ന് ബാക്കിയില്ല. ബിജെപി ഭരണകാലത്ത് തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ലെന്നും, തണ്ടെല്ല് ഞങ്ങൾ ഊരിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്തെ ചിലരെ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നടത്തുന്നത്. മുനമ്പത്തെ സുഖിപ്പിച്ചു കൊണ്ട് ഒന്നും നേടേണ്ടെന്നും വഖഫ് നിയമഭേദഗതി നടപ്പാക്കിയിരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പിച്ച് പറഞ്ഞു. അതേസമയം, തൃശൂരിലെ പല്ലവി ആവർത്തിച്ച് വയനാട് ഞങ്ങളെടുക്കുന്നു എന്ന പ്രഖ്യാപനവും സുരേഷ് ഗോപി നടത്തി.
തൃശൂരിൽ നടത്തിയ പ്രയോഗം ജനങ്ങൾ ഏറ്റെടുത്തെന്നും അതിനാൽ അത് വയനാട്ടിൽ ആവർത്തിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട് ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും വേണമെന്നും, വയനാട്ടിലെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു.
ഒരു പ്രധാന നിയമത്തെ കേന്ദ്രമന്ത്രി ഇത്തരത്തിൽ വിമർശിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മതപരമായി ആളുകളെ വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രമാണ് സുരേഷ് ഗോപി പയറ്റുന്നതെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.