എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ല; എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരും
ഇടതുമുന്നണി മന്ത്രിസഭയിലെ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന് തീരുമാനം. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത് . മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിക്കും.
പി സി ചാക്കോ ഉള്‍പ്പെടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ സമയം മുഖ്യമന്ത്രി തീരുമാനം അറിയിക്കുകയായിരുന്നു. അതേസമയം , എന്‍സിപിയിൽ ഉണ്ടായ മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്.
ദേശീയ നേതാവായ ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം തൃശ്ശൂരില്‍ വിമതയോഗം വിളിച്ചവര്‍ക്ക് പി സി ചാക്കോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു നിലപാട്. ഇത് സ്വീകരിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പൂര്‍ണ സമ്മതത്തോടെയല്ല സ്ഥാനമാറ്റത്തിന് എ കെ ശശീന്ദ്രന്‍ സമ്മതം മൂളിയിരുന്നത്. മന്ത്രിസ്ഥാനത്തു നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നുള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു.