സഞ്ജു ഷോ: സെഞ്ച്വറിക്കൊപ്പം സഞ്ജു സ്വന്തമാക്കിയ റെക്കോർഡുകൾ ഇവയാണ്

single-img
13 October 2024

ഇന്നലെ ബംഗ്ളാദേശിനെതിരെ ഒരു ഓവറിൽ അഞ്ച് സിക്‌സറുകൾ ഉൾപ്പെടെ 19 തവണ പന്ത് അതിർത്തി കടത്തിയ താരം ടി20 യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണിത്.

അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയിൽ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി 20 യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി തികയ്ക്കുന്നത്. മുൻ നായകൻ എം എസ് ധോണിക്കോ ഇപ്പോഴത്തെ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

2022-ല്‍ ലഖ്‌നൗവില്‍ ശ്രീലങ്കയ്‌ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്. ടി20-യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു 77 റണ്‍സെടുത്തിരുന്നു.

അതേപോലെതന്നെ, ടി20-യില്‍ സെഞ്ചുറി നേടുന്ന 11-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സഞ്ജു. മാത്രമല്ല സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഏകദിനത്തിലും ടി20-യിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം താരവുമായി സഞ്ജു.

ഇന്നലെ 47 പന്തില്‍ നിന്ന് 11 ഫോറും എട്ടു സിക്‌സുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 40 പന്തിൽ സെഞ്ച്വറി തികച്ച താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 236 ആയിരുന്നു. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ് 164 റൺസിലവസാനിച്ചപ്പോൾ ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു.