അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേത്; കെ മുരളീധരന്‍
തിരുവനന്തപുരം: അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേതെന്ന് കെ മുരളീധരന്‍ എംപി. മേയര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ പൊലീസിന് മുന്നിലിട്ട് മര്‍ദിക്കുന്നു.
ഗുണ്ടകള്‍ക്ക് പൊലീസ് കുടപിടിക്കുകയാണ്. മേയര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തെഴുതിയത് താനെല്ലന്നാണ് മേയര്‍ പറയുന്നത്. മേയറുടെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയര്‍ അറിഞ്ഞില്ലെങ്കില്‍ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല? ഇതെന്താ തറവാട് സ്വത്താണോയെന്നും എംപി ചോദിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി സര്‍ക്കാര്‍ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറി. സ്വപ്നയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോള്‍ ഇതിന് പിന്നില്‍ എന്തോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സിപിഎം നേതാക്കള്‍ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഈ വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാര്‍ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ പോകുന്നില്ല. എല്ലായ്പ്പോഴും പാന്‍ ചവച്ച് നടപ്പാണ്. മന്ത്രിമാര്‍ക്കും ലഹരി വിരുദ്ധ പ്രവര്‍ത്തി നടത്താന്‍ അര്‍ഹത ഇല്ല. നാട് മുഴുവന്‍ ബാര്‍ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ്.
മേയര്‍ രാജി വെക്കുന്നത് വരെ സമരം നടത്തണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നിലപാടും ഇത് തന്നെയാണ്. കത്ത് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യം. മാപ്പ് പറഞ്ഞാല്‍ സ്ഥാനത്ത് ഇരിക്കാന്‍ കൊള്ളില്ലെന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.