തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നു; വിഴിഞ്ഞത്ത് കനത്ത സുരക്ഷ ഒരുക്കി പോലീസ്
തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് കനത്ത സുരക്ഷ തുടരുകയാണ്. സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.
അഞ്ചു സമീപ ജില്ലകളിലെ പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അവധിയില്‍ പോയ പൊലീസുകാരോട് തിരികെ ജോലിയില്‍ കയറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി നിയോഗിച്ചു. അക്രമമുണ്ടായ സ്ഥലങ്ങളില്‍ ഫൊറന്‍സിക് സംഘം തെളിവെടുത്തു. കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ വിഴിഞ്ഞത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ധാരണയായി. എന്നാല്‍, പദ്ധതി നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന നിലപാട് സമരസമിതി ആവര്‍ത്തിച്ചതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നു സമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര പറഞ്ഞു.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദിനാചരണം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും. സമരത്തോട് ഇടവകാംഗങ്ങള്‍ സഹകരിക്കാന്‍ ആഹ്വാനം ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു.