മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം: കസ്റ്റഡിയിൽ ഉള്ളത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ


മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ളത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്ന് സൂചന. പോലീസ് ഇതുവരെയും ഈ വിവരം സ്ഥിതീകരിച്ചിട്ടില്ല. മലയിൻകീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് എന്ന് മാത്രമാണ് പോലീസ് ഇതുവരെ സ്ഥിരീകരിച്ചത്.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി മൊഴിയില്‍ പറഞ്ഞിരുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം.
മ്യൂസിയം പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുകയാണെന്നും യുവതി ആരോപിച്ചിരുന്നു. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. യുവതിക്കെതിരെ മ്യൂസിയം പരിസരത്തു വച്ച് ആക്രമണമുണ്ടായി ഏഴാം ദിവസമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.